ബഹുമാനപ്പെട്ട എം പി ശ്രീ എം ബി രാജേഷിന്റെ ചോദ്യങ്ങളും എനിക്കറിയാവുന്ന മറുപടികളും.

ഈ സംശയങ്ങൾ ഒക്കെ വരുന്നത് പെട്ടെന്ന് ഒരു ദിവസം രാജ്യസ്നേഹം വരുന്നത് കൊണ്ട് ആണ് സാർ. അത്ഭുതം ഒന്നും ഇല്ല എന്ന് മാത്രമല്ല സന്തോഷമേ ഉള്ളു.  മേജർ സന്ദീപ്‌ ഉണ്ണികൃഷ്ണന്റെ വീടല്ലായിരുന്നു എങ്കിൽ  പട്ടി പോലും തിരിഞ്ഞ് നോക്കുമോ എന്ന് പറഞ്ഞ പാർട്ടി ഇത്രയെങ്കിലും മാറിയതിൽ സന്തോഷം.

1.പത്താന്‍ കോട്ടില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന വിദേശ ഇന്‍റലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ (ഉദാ.ഹിന്ദു) പ്രസിദ്ധീകരിച്ചിരുന്നു.എന്നിട്ട് പോലും സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കാതിരുന്നത് എന്തുകൊണ്ട്?

വിദേശ ഇന്റെലിജെൻസ്‌ എജെന്സികൾ മുന്നറിയിപ്പ് ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് ആണോ സർ കൊടുക്കുന്നത്? ആ ന്യൂസ്‌ റിപ്പോർട്ട് എനിക്ക് കാണാനും  ഏത് വിദേശ എജെൻസി ആണ് മുന്നറിയിപ്പ് കൊടുത്തത് എന്ന് എനിക്ക് അറിയാനും താല്പര്യം ഉണ്ട്. പിന്നെ ഇന്റെലിജെൻസ്‌ റിപ്പോർട്ട് അല്ലെങ്കിൽ മുന്നറിയിപ്പ് എന്നൊക്കെ പറയുന്നത് പാർട്ടി സെക്രട്ടറി എഴുതി കൊടുക്കുന്ന റെക്കമെന്റേഷൻ ലെറ്റർ പോലെ വല്ലതും ആണ് എന്നാണ് എം പി കരുതുന്നത് എങ്കിൽ തെരഞ്ഞെടുത്ത നാട്ടുകാരോട് എനിക്ക് സഹതാപം ഉണ്ട്. സുരക്ഷാ നടപടികൾ വര്ദ്ധിപ്പിക്കുക എന്നത് കൊണ്ട് സാർ എന്താണ് ഉദ്ദേശിക്കുന്നത്? ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആർമി യൂണിറ്റുകൾ ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് പഠാൻകോട്ട് എന്ന് എം പി ക്ക് അറിയില്ലേ? അവിടെ അവരെ കൂടാതെ NSG തീവ്രവാദി ആക്രമണത്തിന് മുൻപേ ഉണ്ടായിരുന്നു.

2. എസ്.പി.യുടെ വാഹനം ഭീകരര്‍ തട്ടിയെടുത്തെന്ന് തിരിച്ചറിഞ്ഞ ശേഷവും എന്തുകൊണ്ട് ജാഗ്രത പാലിക്കാനും വ്യോമസേനാതാവളത്തിന്‍റെ സുരക്ഷ കൂട്ടാനും തയ്യാറായില്ല? ഇരുപത് മണിക്കൂര്‍ സമയം എന്തു ചെയ്യുകയായിരുന്നു? വിരമിച്ച സൈനികര്‍ മാത്രമടങ്ങിയ ഡിഫന്‍സ് സെക്യൂരിറ്റി കോറിനെ മാത്രം വ്യോമസേനാതാവളത്തിന്റെ സുരക്ഷക്ക് ആശ്രയിച്ചതിന് എന്തു ന്യായീകരണം?

ഒന്നുകിൽ എം പി ക്ക് എന്താണ് നടന്നത് എന്നറിയില്ല. അല്ലെങ്കിൽ പച്ച കള്ളം പറയുന്നു. തീവ്രവാദികളെ ആദ്യം നേരിട്ടത് ഗരുഡ് ആണ്. അത് എന്താണ് എന്നറിയില്ല എങ്കിൽ ഗൂഗിൾ ചെയ്ത് നോക്കു. എയർ ഫോര്സിനുള്ളിലെ കമാന്റോ യൂനിറ്റ് ആണ് ഗരുഡ്. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച പരിശീലനം ലഭിക്കുന്ന യൂണിറ്റുകളിൽ ഒന്ന്. ഡിഫന്‍സ് സെക്യൂരിറ്റി കോറിനെ സെക്യൂരിറ്റി ജോലികൾക്ക് മാത്രം ആണ് നിയോഗിക്കുക. വീട്ടിനടുത്ത് വല്ല എൻ സി സി ഹെഡ് കോട്റെര്സും ഉണ്ടെങ്കിൽ പോയി നോക്കിയാൽ അവിടെയും DSC ക്കാരെ കാണാം.

3. ഭീകരര്‍ പത്താന്‍കോട്ടില്‍ കയറിയതിന്‍റെ വ്യക്തമായ ഇന്‍റലിജന്‍സ് വിവരം വെള്ളിയാഴ്ച ഉച്ചക്ക് തന്നെ ലഭിച്ചിട്ടും വ്യോമസേനാതാവളത്തില്‍ കയറുന്നത് തടയാനാവാത്ത ഗുരുതര വീഴ്ചക്ക് ഉത്തരവാദി ആര്?

വ്യോമസേന താവളത്തിന്റെ റ്റെക്നികൽ ഏരിയയിൽ തീവ്രവാദികൾ കയറിയിട്ടില്ല. അര ലക്ഷം എങ്കിലും പട്ടാളക്കാർ ഉള്ള പഠാൻകോട്ട് പട്ടാള യൂനിഫോർമിൽ ഉള്ള തീവ്രവാദികളെ എങ്ങനെ കണ്ടെത്തണം എന്നത് എം പി ക്ക് അടുത്ത സഭ ചേരുമ്പോൾ നിർദ്ദേശിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞത് ഫേസ്ബുക്കിൽ വീഡിയോ കണ്ട് ഒന്ന് മനസറിഞ്ഞു ചിരിക്കുകയും ചെയ്യാമല്ലോ. വളരെ മുൻപേ വിദേശ ഇന്റെലിജെൻസ്‌ എജെന്സികൾ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ക്ക് നല്കിയ വ്യക്തമായ ഇന്‍റലിജന്‍സ് വിവരം ഇവിടെ വെള്ളിയാഴ്ച ഉച്ചക്ക് ആയത് ശ്രദ്ധിച്ചിരിക്കുമല്ലോ?

4. ഭീകരരെ നേരിടാന്‍ തൊട്ടടുത്ത് ഭീകരവിരുദ്ധ ഓപ്പറേഷന് വൈദഗ്ദ്ധ്യമുള്ളവരും വ്യോമസേനാതാവളം നല്ല പരിചയമുള്ളവരുമായ കരസേന വിഭാഗമുണ്ടായിട്ടും ഡെല്‍ഹിയില്‍ നിന്ന് എന്‍.എസ്.ജി.കമാന്‍ഡോകളെ അയച്ചതിന്റെ യുക്തി എന്താണ്?

സമയം കിട്ടുമ്പോൾ കുത്തക ബൂർഷ്വാ ആയ ഗൂഗിൾന്റെ വെബ് സൈറ്റ് എടുത്ത് എൻ എസ് ജി, ഗരുഡ് ഒക്കെ ഒന്ന് ഗൂഗിൾ ചെയ്ത് നോക്കണം. അവർക്ക് എന്തിലാണ് പരിശീലനം കിട്ടിയത് എന്നൊക്കെ അറിയാമല്ലോ? വ്യോമസേനാതാവളം ഗരുഡ് കമാന്റോകളെക്കാൾ പരിചയം ആർമിക്കാർക്ക് ആയിരിക്കും എന്ന് പറഞ്ഞ എം പി ക്ക് ഒരു നല്ല നമസ്കാരം. എയർഫോർസും അർമിയും തമ്മിൽ ഉള്ള വ്യത്യാസം അറിയുമായിരിക്കുമല്ലോ അല്ലെ?

5.എന്‍.എസ്.ജി.കമാന്‍ഡോകള്‍ക്ക് ബുള്ളറ്റ് പ്രൂഫ് ബോംബ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പ് വരുത്താത്തതിന്റെ ഉത്തരവാദികള്‍ ആരാണ്?

ബുള്ളറ്റ് പ്രൂഫ് ബോംബ് ജാക്കറ്റ് എന്താണ് സാധനം സർ? അത് ഒരു ടൈപിംഗ് മിസ്റ്റേക് ആയിരിക്കും എന്ന് കരുതുന്നു. എൻ എസ് ജി ആക്ഷൻ ഗ്രൂപ്പ്‌ ബുള്ളറ്റ് പ്രൂഫ്‌ ജാക്കെറ്റ്‌ ഇല്ലാതെ ആണ് തീവ്രവാദികളെ നേരിടാൻ പോയത് എന്നാണ് സാർ കരുതുന്നതെങ്കിൽ, സാർ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം ഒന്ന് അത് തെറ്റാണ്, രണ്ടാമത്  സ്പെഷൽ ഫോര്സെസ് ഉപയോഗിക്കുന്ന അത്രയും ക്വാളിറ്റി ആയുധങ്ങളും ഉപകരണങ്ങളും സാധാരണ ഇൻഫെന്ററി യൂണിറ്റ് ഭടന്മാർക്ക് ഉണ്ടാവില്ല. തൊട്ട് മുന്പത്തെ ചോദ്യത്തിനു ഉത്തരം ആയിക്കാണും എന്ന് കരുതുന്നു . ഇനി ലെഫ്നന്റ്റ് കേണൽ നിരഞ്ജന്റെ മരണം ആണ് സർ ഉദ്ദേശിക്കുന്നത് എങ്കിൽ, അത് ബൂബി ട്രാപ് ആവാൻ ആണ് സാദ്യത. ബോംബ്‌ ഡിസ്പോസൽ സ്ക്വാഡ് ഉപയോഗിക്കുന്ന ജാക്കെറ്റ്‌ പലപ്പോഴും വേഗത്തിൽ നീങ്ങാൻ തടസം ആവുന്നത് കൊണ്ട് ആയിരിക്കണം അദ്ദേഹം അത് ഉപയോഗിക്കാതിരുന്നത്. പിന്നെ വേറെ ഒരു കാര്യം സാറിന്റെ പാർട്ടി പുറത്ത് നിന്നും സപ്പോർട്ട് കൊടുത്ത U P A സർക്കാരിന്റെ കാലത്ത് പലരും നമുക്ക് വേണ്ടാത്ത ആയുധങ്ങളും മറ്റു ഉപകരണങ്ങളും ഇല്ല എന്ന് പറഞ്ഞു കത്തെഴുതിയത് ഓർമ ഉണ്ടാവും എന്ന് കരുതുന്നു. ആരാണ് സാർ ഉത്തരവാദി?

6. ജൂണ്‍ മാസത്തില്‍ അതിര്‍ത്തി വഴി നുഴഞ്ഞു കയറിയ ഭീകരര്‍ ഗുരുദാസ്പൂര്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് എസ്.പി.യടക്കം പൊലീസുകാരെ കൊലപ്പെടുത്തിയിരുന്നല്ലോ. അതിനു ശേഷവും അതിര്‍ത്തിയില്‍ സുരക്ഷാ വീഴ്ച ആവര്‍ത്തിച്ചതിനും വീണ്ടും ഭീകരര്‍ നുഴഞ്ഞു കയറിയതിനും ആര് സമാധാനം പറയും?

ഇന്ത്യയുടെ അതിർത്തിയെ പറ്റി ഒരു എം പി യെ പറഞ്ഞ് മനസിലാക്കേണ്ടി വരുന്നത് കഷ്ടമാണ്. എനിക്കും തിരഞ്ഞെടുത്ത ജനങ്ങൾക്കും. പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും കഠിനമായ അതിർത്തി പ്രദേശങ്ങൾ ആണ് ഇന്ത്യയുടെത് പടിഞ്ഞാറ് .ചതുപ്പും, മഞ്ഞു മലകളും മരുഭൂമികളും എല്ലാം ഉള്ളത് . ജമ്മുവിലും മറ്റും പലപ്പോഴും മഞ്ഞു വീഴ്ചയും മറ്റും ഉണ്ടാവുംപോൾ അതിർത്തി ഏരിയയിൽ നിന്നും നമ്മൾ കുറച്ച് പിറകോട്ട് മാറാറുണ്ട്. ഇങ്ങനെ ഉള്ള അതിരുകളിൽ 1000 പേരെ തടയുമ്പോൾ 2 പേർ ഉള്ളിൽ കയറിക്കൂടുന്നത് സ്വാഭാവികം ആണ് സാർ. സ്വന്തം ജീവൻ കൊടുത്തും ജവാന്മാർ തങ്ങളുടെ പരമാവധി ചെയ്യുന്നുണ്ട്.

7. പത്താന്‍കോട്ട് ഓപ്പറേഷന്‍ ഏകോപിപ്പിക്കുന്നതിലുണ്ടായ പരാജയത്തിന് ആര്‍ക്കാണ് ഉത്തരവാദിത്തം? ഓപ്പറേഷന്‍ അവസാനിച്ചുവെന്നും എല്ലാ ഭീകരരെയും തുരത്തിയെന്നും ആഭ്യന്തരമന്ത്രി പത്രസമ്മേളനം നടത്തി പറഞ്ഞ് മണിക്കൂറുകള്‍ക്കകം അത് തിരുത്തേണ്ടിവന്നതും ഓപ്പറേഷന്‍ തുടരുന്നുവെന്ന് പറയേണ്ടി വന്നതും ഏകോപനമില്ലായ്മയുടെ തെളിവല്ലേ?

മിലിട്ടറി ഓപറേഷൻ എന്നത് പാർട്ടിക്ക് വേണ്ടി ആളെ തല്ലാൻ പോവുന്നത് പോലെ അല്ല. രണ്ടു കൂട്ടരും ട്രെയിനിംഗ് കിട്ടിയവർ ആണ്. എതിർ ഭാഗം തീർന്നു എന്ന് മനസിലാക്കുന്നത് ചില കണക്കു കൂട്ടലുകളിലും ഊഹങ്ങൾ വച്ചും ആണ് .ഈ പ്രാവശ്യം പലപ്പോഴും തീവ്രവാദികൾ മണിക്കൂറുകളോളം വെടി വയ്ക്കാതെ ഇരുന്ന ശേഷം ആണ് തീവ്രവാദികൾ വെടിവെയ്പ്പ് പുനരാരംഭിച്ചത്. അതുകൊണ്ട് സംഭവിച്ച പിഴവാവാനാണ് സാദ്യത.

8. ഓപ്പറേഷന്‍ നടന്ന 38 മണിക്കൂറില്‍ ഒരിക്കല്‍ പോലും സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി (CCSA) ചേരാത്തതിന് എന്താണ് ന്യായീകരണം? അടിയന്തിര സാഹചര്യത്തില്‍ പോലും കൂടാതിരിക്കുക വഴി ഈ ഉന്നതസമിതിയെ നോക്കുകുത്തിയാക്കുകയല്ലേ ചെയ്യുന്നത്?

 

ഒരു വാർത്ത മാത്രം ഷെയർ ചെയ്യുന്നു.

9. ഓപ്പറേഷന്‍ പൂര്‍ണ്ണമായും അവസാനിച്ചുവെന്ന് പ്രതിരോധ മന്ത്രി രണ്ടാമതും പ്രഖ്യാപിച്ച ശേഷവും പത്താന്‍ കോട്ടില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടാകുമെന്ന ഇന്നലത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്താണ്? ഭീകരാക്രമണം സംബന്ധിച്ച തികഞ്ഞ അവ്യക്തത തുടരുന്നുവെന്നല്ലേ?

നേരത്തെ പറഞ്ഞത് പോലെ, ഇന്റെലിജെൻസ്‌ റിപ്പോര്ടിന്റെയോ, മിലിട്ടറി ഓപ്പറേഷന്റെയൊ സ്വഭാവം അറിയാത്തത് കൊണ്ട് ഉള്ള കുഴപ്പം ആണ്. Dhangu ഏരിയയിൽ പ്രഖ്യാപിച്ച സൈനിക നീക്കത്തിൽ പത്താൻകോട്ടിന്റെ വേറെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാവും എന്ന് സംശയിക്കുന്ന തീവ്രവാദികളെയും കൊല്ലണം എന്നത് ഏറ്റവും കുറഞ്ഞത് അതിമോഹം അല്ലെ സർ?

10.അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ഭീകരാക്രമണങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ അതിനെ നേരിടാനുള്ള തയ്യാറെടുപ്പ് നടത്തുന്നതില്‍ വീഴ്ച ആവര്‍ത്തിക്കുന്നതിന് ആര്‍ക്കാണ് ഉത്തരവാദിത്തം? ദേശസുരക്ഷയുടെ കാര്യത്തില്‍ പൊള്ളയായ അവകാശ വാദങ്ങള്‍ക്കപ്പുറം എന്ത് ഗ്യാരണ്ടിയാണുള്ളത്?

ഒരു വർഷം മുൻപ് മാത്രം വന്ന മോഡിക്ക് മാത്രം ആയിരിക്കും. ബാക്കി നിങ്ങളെ ഒക്കെ തിരഞ്ഞെടുത്ത് അയച്ചിരിക്കുന്നത് ഫേസ്ബുക്കിൽ വിവരക്കേട് എഴുതി വിടാനായിരിക്കും.

ഏതായാലും മാറ്റത്തിൽ സന്തോഷമുണ്ട് സർ. യാക്കൂബ് മേമനെയും കസബിനെയും അവരെപ്പോലുള്ള പലരെയും പിടിക്കാനും ഒരുപാട് പേർ തങ്ങളുടെ ജീവനും കഴിവും എല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്ന് അടുത്ത തവണ തീവ്രവാദികൾക്ക് വക്കാലത്തും ആയി വരുമ്പോൾ ഓർക്കണം എന്ന് അപേക്ഷിക്കുന്നു.

ജയ്‌ ഹിന്ദ്‌ സർ.

Advertisements
ബഹുമാനപ്പെട്ട എം പി ശ്രീ എം ബി രാജേഷിന്റെ ചോദ്യങ്ങളും എനിക്കറിയാവുന്ന മറുപടികളും.