മോഹൻ ലാലിന് തെറ്റി. വിമർശ്ശകർക്കോ?

പ്രധാനമന്ത്രിയുടെ നോട്ട് നിരോധന നീക്കത്തെ അനുകൂലിച്ച് കൊണ്ട് മോഹൻ ലാൽ എഴുതിയ ബ്ലോഗും അതിനോട് പ്രമുഖർ ഉൾപ്പടെ ഉള്ളവരുടെ പ്രതികരണങ്ങളും സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയമാവുകയാണല്ലോ ഇപ്പോൾ. ആരാധനാലയങ്ങളിലും മദ്യഷാപ്പുകളിലും സിനിമ തീയേറ്ററുകളിലും ക്യൂ നിൽക്കുന്ന നമുക്ക് രാജ്യത്തിന്റെ നന്മക്ക് വേണ്ടി അൽപനേരം എ ടി എം / ബാങ്കിന് മുൻപിലും ക്യൂ നിൽക്കാം എന്ന പരാമർശം ഒട്ടേറെ വിമർശനം വിളിച്ച് വരുത്തി. യുക്തിപരമായി ചിന്തിച്ചാൽ മോഹൻ ലാലിന്റെ വാദം നിലനിൽക്കുന്നത് അല്ല എന്ന് കാണാം. ആരാധനാലയങ്ങളിലും, മദ്യശാലകളിലും, സിനിമ തീയേറ്ററുകളിലും ക്യൂ നിൽക്കുന്ന ആളുകൾ അത് ചെയ്യുന്നത് സ്വന്തം ഇഷ്ടപ്രകാരം ആണ്. ഗവൺമെന്റ്, പാർട്ടി പ്രഖ്യാപനങ്ങൾക്കും പദ്ധതികൾക്കും വന്ന് ക്യൂ നിൽക്കുന്നവരും കുടുങ്ങി പോവുന്നവരും നല്ലൊരു ശതമാനവും സ്വമേധയാ പങ്കെടുക്കുന്നവർ അല്ല. എന്നാൽ മോഹൻ ലാലിനെ വിമർശിക്കുന്നവർ ആരും തന്നെ ഈ ഒരു പോയിന്റിന്റെ മേലെ അല്ല അദ്ദേഹത്തെ വിമർശിക്കുന്നത്. മറിച്ച് അദ്ദേഹത്തിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന അല്ലെങ്കിൽ മോഹൻ ലാൽ എന്ന വ്യക്തിയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചികഞ്ഞെടുക്കാൻ ആണ് മിക്കവരും ശ്രമിക്കുന്നത്. പലരും , മുതിർന്ന എഴുത്തുകാർ പോലും, വെറും ഇന്റർനെറ്റ് ട്രോൾ നിലവാരത്തിലേക്ക് താണ് പോവുന്നത് കാണാം.ആന്റണി പെരുമ്പാവൂരും ആനക്കൊമ്പും നരസിംഹവും എല്ലാം മോഹൻ ലാൽ പിണറായി വിജയന് അനുകൂലമായ അഭിപ്രായ പ്രകടനം നടത്തുമ്പോഴും ഇവിടെ ഉണ്ടായിരുന്നു. പുലി മുരുകനും നരസിംഹവും എല്ലാം പെട്ടെന്ന് ഒരു ദിവസം സ്ത്രീ വിരുദ്ധമായി മാറിയത് അല്ല. ഇത്തരം പരാമർശങ്ങൾ വിമർശകരുടെ കാപട്യം ആണ് തുറന്ന് കാണിക്കുന്നത്. മോഹൻലാലിന് ജനങ്ങൾ നേരിടുന്ന കഷ്ടപ്പാടുകളെ പറ്റി ക്ലാസ് എടുത്ത് ഹാർത്തൽ വിജയിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന നേതാക്കളും കാട്ടുന്നത് തങ്ങൾക്ക് അനുകൂലമല്ലാത്ത രാഷ്ട്രീയ നിലപാട് എടുക്കാൻ അനുവദിക്കില്ല എന്ന ദാർഷ്ട്ര്യം ആണ്. ഏകദേശം ഇതേ അഭിപ്രായം പ്രകടിപ്പിച്ച ആമിർ ഖാനും ജോയ് മാത്യുവും ഒന്നും ഇത്രയും വിമർശനം നേരിടേണ്ടി വരുന്നില്ല എന്നതാണ് ഇതിൽ ഒരുപക്ഷെ ഏറ്റവും വലിയ തമാശ.

Advertisements
മോഹൻ ലാലിന് തെറ്റി. വിമർശ്ശകർക്കോ?

ഡിമോണിറ്റൈസേഷൻ : മോഡി വിജയിച്ച് കഴിഞ്ഞ രാഷ്ട്രീയ യുദ്ധം

മോഡിയുടെ നേതൃത്വത്തിൽ ഉള്ള കേന്ദ്ര സർക്കാർ നടപ്പാക്കിയ നോട്ട് ബാൻ സാമ്പത്തിക രംഗത്ത് ഇന്ത്യയെ എങ്ങനെ ബാധിക്കും എന്നത് ഇനിയും കാത്തിരുന്ന് കാണേണ്ടത് ആണ്. നോട്ട് നിരോധനത്തിന്റെ സാമ്പത്തിക സാമൂഹിക നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെ ആവും എന്നതിൽ സാമ്പത്തിക രംഗത്തെ വിദഗ്ദർക്ക് പോലും വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ആണ് ഉള്ളത്. മൻമോഹൻ സിങിനെ പോലെ ഉള്ളവർ രാജ്യത്തിന്റെ ജിഡിപി തന്നെ 2% വരെ കുറയാം എന്ന് മുന്നറിയിപ്പ് നൽകുന്നു. വ്യക്തമായ തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇപ്പോഴത്തെ നോട്ട് നിരോധനം കൊണ്ട് കള്ളപ്പണമോ അഴിമതിയോ കുറയും എന്ന് കരുതാൻ ആവില്ല . പ്രത്യേകിച്ചും കള്ളപ്പണം പണമായി തന്നെ സൂക്ഷിച്ച് വയ്ക്കുന്നത് വളരെ കുറവാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്ന സാഹചര്യത്തിൽ വെറും നോട്ട് നിരോധനം മാത്രം കൊണ്ട് കള്ളപ്പണം എത്രമാത്രം ഇല്ലാതാവും എന്നത് തര്‍ക്കവിധേയമായ വിഷയമാണ് . ഫെയ്ക് കറൻസികൾ (FICN) ഇപ്പോഴത്തെ നിലയിൽ വ്യാപകമാകുന്നതിന് ചിലപ്പോൾ ഒന്നോ രണ്ടോ വർഷങ്ങൾ എടുത്തേക്കാം എന്ന് മാത്രം.

എന്നാൽ രാഷ്ട്രീയപരമായി മോഡി ഈ യുദ്ധം ജയിച്ച് കഴിഞ്ഞു. എങ്ങനെയെന്ന് നോക്കാം. നോട്ട് നിരോധനത്തിന് ശേഷം നടന്ന ഒരുവിധം സർവേകൾ എല്ലാം തന്നെ 70 ശതമാനത്തിന് മുകളിൽ ജനങ്ങൾ ഈ തീരുമാനത്തിന് അനുകൂലമായ നിലപാട് ആണ് എടുത്തത്. ഭരണത്തിന്റെ മൂന്നാം വർഷം എത്തി നിൽക്കുംപോൾ എടുത്ത, ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവും എന്ന് ഉറപ്പുള്ള ഇങ്ങനെ ഒരു തീരുമാനത്തിന് ഇത്രയും ജനപിന്തുണ ലഭിക്കുന്നത് വളരെ അപൂർവമാണ്. ഇന്ത്യൻ മദ്ധ്യവർഗ്ഗത്തിന്റെ നിരാശയും അഴിമതിക്ക് എതിരെ ഉള്ള മുന്നേറ്റത്തിൽ ഭാഗമാകാൻ ഉള്ള ആഗ്രഹവും ആയിരിക്കാം കാര്യങ്ങളെ ഇത്രമേൽ മോഡിക്ക് അനുകൂലമാക്കിയത് . ശ്രദ്ധേയമായ മറ്റൊരു കാര്യം, സോഷ്യൻ മീഡിയയിലും പുറത്തും ഈ തീരുമാനത്തെ വിമർശിക്കുന്നവർ നല്ലൊരു ശതമാനം മോഡിയുടെ സ്ഥിരം വിമർശകർ ആണ്. മോഡിക്ക് തെറ്റ് പറ്റണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവർ ആണ് അവർ. അതുകൊണ്ട് തന്നെ ആ വിഭാഗത്തിന്റെ വിമർശനവും എതിർപ്പും മോഡിക്കും ബി ജെ പ്പിക്കും രാഷ്ട്രീയപരമായി നഷ്ടം ഉണ്ടാക്കാൻ ഉള്ള സാധ്യത കുറവാണ്. മാത്രമല്ല, ഈ വിഭാഗം മോഡിയുടെ തീരുമാനത്തെ അനുകൂലിക്കുന്നവർക്ക് എല്ലാവർക്കും ലേബൽ ചാർത്താൻ കാണിക്കുന്ന വ്യഗ്രത ചിലപ്പോൾ രാഷ്ട്രീയ നേട്ടങ്ങൾ ഉണ്ടാക്കിയെന്നും വരാം . എന്നാൽ വ്യക്തമായ രാഷ്ട്രീയ ചായ്‌വ് ഇല്ലാത്ത മദ്ധ്യവർഗ്ഗത്തിന്റെ മുൻപിൽ അഴിമതിക്ക് എതിരെ ശക്തമായ തീരുമാനം എടുത്ത നേതാവ് എന്ന നിലയിൽ മോഡിയുടെ പ്രതിഛായ വർദ്ധിക്കുക തന്നെ ചെയ്യും. പൊതുനന്മയെ കരുതി കുറച്ച് വിട്ടുവീഴ്ച്ചകൾ ചെയ്യുന്നതിന് ബഹുഭൂരിപക്ഷം പേരും തയ്യാറാണ് എന്നാണ് പൊതുവെ ഉള്ള ജനവികാരം സൂചിപ്പിക്കുന്നത്. കാര്യങ്ങൾ ശരിയാക്കാൻ ഗവൺമെന്റ് കാലതാമസം വരുത്തിയാൽ ഒരുപക്ഷെ ഇതിൽ മാറ്റം വന്നേക്കാം എന്ന് മാത്രം.

പ്രതിപക്ഷ കക്ഷികൾ, പ്രത്യേകിച്ച് കോൺഗ്രസ് അകപ്പെട്ടിരിക്കുന്നത് അതിലും വലിയ കുരുക്കിലാണ്. അഴിമതിക്ക് എതിരെ ഉള്ള ഇങ്ങനെ ഒരു നീക്കത്തിനെ തുറന്ന് എതിർക്കുന്നത്, പ്രത്യേകിച്ച് ഒരുപാട് അഴിമതി ആരോപണങ്ങൾ നേരിട്ട കോൺഗ്രസിന് ആത്മഹത്യാപരമാണ്. അങ്ങനെ ഉള്ള ഏതൊരു നീക്കത്തെയും അഴിമതിക്കും കള്ളപ്പണത്തിനും അനുകൂലമായ നീക്കമായി വ്യാഖ്യാനിക്കാൻ ബി ജെ പിക്ക് അനായാസം കഴിയും. എന്നാൽ അഴിമതിക്ക് എതിരെ തങ്ങൾക്ക് കഴിയാത്ത ഒരു നീക്കം നടത്തിയ ശക്തനായ ഭരണാധികാരി ആണ് മോഡി എന്ന് അംഗീകരിക്കുന്നത് ചിന്തിക്കാൻ കഴിയാത്ത കാര്യം ആണ് താനും.  അതുകൊണ്ട് തന്നെ മിക്ക രാഷ്ട്രീയ പാർട്ടികളുടെയും പ്രതികരണം ശ്രദ്ധാപൂർവമായിരുന്നു. “അഴിമതിക്ക് എതിരെ ഉള്ള ഏതു നീക്കത്തെയും തങ്ങൾ പിന്തുണക്കുന്നു, പക്ഷെ” എന്ന് തുടങ്ങുന്നതായിരുന്നു മിക്കവയും.  “പാവപ്പെട്ടവരുടെ” കഷ്ടപ്പാടുകൾ ആയിരുന്നു അധിക പാർട്ടികളുടെയും തുറുപ്പ് ചീട്ട്. പക്ഷെ അവിടെയും 50 വർഷം സാമ്പത്തിക രംഗം കൈകാര്യം ചെയ്ത കോൺഗ്രസിന് തുറന്ന് എതിർക്കാൻ ഉള്ള വിടവ് കുറവായിരുന്നു. എല്ലാ കാര്യങ്ങൾക്കും പ്രധാനമന്ത്രിയെ എതിർക്കുക എന്നത് ഒരു വ്രതം പോലെ പിന്തുടരുന്ന കേജ്‌രിവാളിന് ആളുകൾ ശല്യക്കാരനായ വ്യവഹാരിയിൽ കൂടുതൽ വില ഒന്നും നൽകുന്നില്ല എന്നത് അദ്ദേഹത്തിന്റെ ഡൽഹി എ ടി എം സന്ദർശനവും ട്വിറ്ററിൽ നേരിടുന്ന വിമർശനവും കാണിച്ച് തരുന്നു.

ഡിമോണിറ്റൈസേഷൻ : മോഡി വിജയിച്ച് കഴിഞ്ഞ രാഷ്ട്രീയ യുദ്ധം