ജയിച്ച് നിൽക്കുന്നിടത്ത് എങ്ങനെ തോൽക്കാം : കോൺഗ്രസ്’ ഹാൻഡ്‌ബുക്ക്

പെട്രോൾ വിലവർദ്ധന നട്ടംതിരിക്കുന്ന ഈ കാലത്ത് കേരളത്തിലെ ജനങ്ങൾ എങ്കിലും കുറ്റപ്പെടുത്താത്ത പാർട്ടി കോൺഗ്രസ് മാത്രമായിരുന്നു. കേന്ദ്രത്തിൽ ബിജെപിയും കേരളത്തിൽ എൽഡിഎഫും ഭരിക്കുന്നു. അത് കൊണ്ട് തന്നെ നികുതി വർദ്ധനവിന്റെ ഉത്തരവാദിത്വം ഈ രണ്ടു കക്ഷികൾക്കും ആണ്. സ്വാഭാവികമായും ജനരോഷം ഇവർക്കെതിരെ ആയിരുന്നു ഉയരേണ്ടത്. അത് മുതലാക്കാൻ കോൺഗ്രസ് സമരം ആസൂത്രണം ചെയ്തത് വരെ. കോൺഗ്രസ് സമരം ചെയ്യാൻ കേരളത്തിലെ ഏറ്റവും തിരക്കുള്ള റോഡ് തന്നെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരം ഏറ്റവും മികച്ച സമരം എന്ന, കേരളം വരെ തള്ളിക്കളഞ്ഞ തിയറി അംഗീകരിച്ച് റോഡ് മൊത്തമായി ബ്ലോക്ക് ചെയ്ത് സമരം ചെയ്യാൻ തുടങ്ങി. തങ്ങളുടെ സമരത്തിന്റെ വലിപ്പം കാണിക്കാൻ വേണ്ടി ആണോ എന്തോ നടുറോട്ടിൽ നിന്ന് സെൽഫിയും കാര്യങ്ങളും ഒക്കെ ആയപ്പോഴേക്കും ജനങ്ങളുടെ ക്ഷമ നശിച്ചു. കാൻസർ വന്നു കീമോ ചെയ്യാൻ വേണ്ടി പോവുന്ന ഒരു അമ്മയുടെ ദുരിതം കണ്ടു സിനിമ നടൻ ജോജു ഇടപെട്ടു. ഇവിടെ, കോൺഗ്രസിന് മാന്യമായ ഒരു എക്സിറ്റ് പോയിന്റ് ഉണ്ടായിരുന്നു. പകുതി വഴിയെങ്കിലും തുറന്നു ജനങ്ങളെ കടത്തിവിട്ടിരുന്നെങ്കിൽ കടന്നു പോവുന്നവരെങ്കിലും ഇവർ പറയുന്നത് ശരിയാണ്, പെട്രോളിന് വില താങ്ങാൻ കഴിയാതായിരിക്കുന്നു എന്ന് ചിന്തിച്ചുപോയേനെ. പകരം അവർ പ്രതികരിച്ച ജോജുവിനെ കള്ളുകുടിയനും പെണ്ണുപിടിയനും ആക്കി. അദ്ദേഹത്തിന്റെ വാഹനവും അടിച്ച് തകർത്തു. അതോടെ ആളുകൾ ജോജുവിനെ സപ്പോർട്ട് ചെയ്യുകയും സമരത്തിന്റെ ആവശ്യകതയെ/ ന്യായത്തെ മറക്കുകയും ചെയ്തു. ജോജു മദ്യപിച്ചിരുന്നു എന്ന കോൺഗ്രസ് ആരോപണം പച്ചക്കള്ളം ആയിരുന്നു എന്ന് കൂടെ തെളിഞ്ഞതോടെ ബോധമുള്ളവർ എല്ലാവരും പാർട്ടിക്ക് എതിരായി. കൂടാതെ അത്യാവശ്യം ഫാൻ ഫോള്ളോവിങ് ഉള്ള സിനിമ പ്രവർത്തകർ ഒരുപാടു പേർ സമരത്തിന്റെ പേരിൽ നടക്കുന്ന ആഭാസത്തിനെതിരെ രംഗത്ത് വന്നതോടെ പാർട്ടി നെഗറ്റീവ് സൈഡിൽ ആയി. പ്രതിപക്ഷ നേതാവിന്റെ ഒക്കെ തീയണക്കാൻ ഉള്ള അവസാന നിമിഷ ശ്രമങ്ങളും വിലപ്പോയില്ല.

Leave a comment