കാർഷിക നിയമം പിൻവലിക്കൽ : കോൺഗ്രസിന് എത്രത്തോളം ഗുണം ചെയ്യും?

കാർഷിക നിയമം കേന്ദ്ര സർക്കാർ പിൻവലിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചിരിക്കുന്നു. കേന്ദ്രം കീഴടങ്ങി എന്നാണ് മാതൃഭൂമി തലക്കെട്ട് കൊടുത്തിരിക്കുന്നത്. മനോരമ ഒരു പടികൂടി കടന്നു തിരഞ്ഞെടുപ്പ് തോൽക്കും എന്ന് പേടിച്ചിട്ടാണ് എന്നും രാഹുൽ ഗാന്ധി ഇത് പണ്ടേ പറഞ്ഞതാണ് എന്നും എഴുതിയിട്ടുണ്ട്. മോദിയുടെ തകർച്ച കർഷക സമര ഭൂമിയിൽ നിന്ന് ആരംഭിച്ചിരിക്കുന്നു എന്ന സുധാകരന്റെ പ്രസ്താവനയും ഉണ്ട്. സത്യത്തിൽ കാർഷിക ബില്ല് പിൻവലിച്ചത് കോൺഗ്രസിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കുമോ? അത് അറിയണമെങ്കിൽ അടുത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ നോക്കണം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് എന്തെങ്കിലും സാധ്യത കല്പിക്കപ്പെട്ടിട്ടുള്ള ഒരേയൊരു സംസ്ഥാനം പഞ്ചാബ് ആണ്. ബാക്കി എല്ലാം തന്നെ ബിജെപി വലിയ പ്രയാസമില്ലാതെ ജയിക്കും. പഞ്ചാബിൽ തന്നെ ആം ആദ്മി പാർട്ടിയും ക്യാപ്റ്റനും കോൺഗ്രസ്സിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. കാർഷിക നിയമങ്ങൾ പിൻവലിച്ചതോടെ ഫലത്തിൽ ബിജെപി – അമരീന്ദർ സിങ് കൂട്ടുകെട്ടിനും, ബിജെപി അകാലിദൾ കൂട്ടുകെട്ടിന് തന്നെയും സാധ്യത തെളിഞ്ഞു വന്നിരിക്കുന്നു. അതായത്, പഞ്ചാബിൽ ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിനെ വീഴ്ത്താൻ ബിജെപിക്ക് സുഖമായി കഴിയും എന്നർത്ഥം. യുപിയിലോ വേറെ ഏതെങ്കിലും സംസ്ഥാനത്തോ ബിജെപിയെ അട്ടിമറിച്ച് കോൺഗ്രസ് വരും എന്ന് കടുത്ത ശത്രുക്കൾ പോലും പറയില്ല. ചുരുക്കിപ്പറഞ്ഞാൽ, ഈ പിൻവലിക്കൽ കൊണ്ട് ബിജെപിക്ക് കാര്യമായ രാഷ്ട്രീയ നഷ്ടം ഒന്നും ഉണ്ടാവാനില്ല. എന്നാൽ കോൺഗ്രസിന് കയ്യിലുള്ള ഒരു സംസ്ഥാനം കൂടെ നഷ്ടപ്പെടാൻ സാധ്യത ഉണ്ട് താനും. യുപി തോൽക്കും (അവിടെ നൂറു സീറ്റ് നഷ്ടപ്പെട്ടാൽ പോലും ബിജെപി തോൽക്കില്ല) എന്ന് പേടിച്ചിട്ടല്ല മറിച്ച് പഞ്ചാബിൽ സ്വന്തം നില ഭദ്രമാക്കണം എന്ന വികാരം ആയിരിക്കും രാഷ്ട്രീയപരമായി ബിജെപിയെ ഈ തീരുമാനത്തിലേക്ക് നയിച്ചിട്ടുണ്ടാവുക. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടാതെ ബിജെപി ഇങ്ങനെ ഒരു തീരുമാനം എടുക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. പ്രധാനമന്ത്രി പറഞ്ഞപോലെ, ഖാലിസ്ഥാൻ – പാക് ഐ എസ് ഐ അനുകൂല നിലപാട് ഉള്ളവർ കർഷക സമരം മുതലെടുക്കാൻ ഉള്ള സാധ്യതയും ഈ തീരുമാനത്തിലേക്ക് നയിക്കാൻ കരണമായിട്ടുണ്ടാവാം.

Leave a comment