രാഹുൽ ഗാന്ധിജിയുടെ വൈറൽ പ്രസംഗം : അഥവാ കോൺഗ്രസിന്റെ ഗതികേട്

“It’s better to keep your mouth shut and appear stupid than open it and remove all doubt.” എന്നത് എബ്രഹാം ലിങ്കണിന്റെ പേരിൽ പ്രചരിക്കുന്ന ഒരു വാക്യം ആണ്. എന്നാൽ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ വൈറൽ പ്രസംഗം കണ്ടപ്പോൾ പക്ഷെ പെട്ടെന്ന് മനസ്സിലേക്ക് ഓടിവന്നത് ഈ വാക്കുകളാണ്. ഈ രാജ്യത്ത് പണക്കാരും പാവപ്പെട്ടവരും തമ്മിൽ വിടവ് ഉണ്ട് എന്നൊക്കെ രാഹുൽ ഗാന്ധി കണ്ടെത്തിയത് 2022 ൽ ആണ് എന്നുള്ളത് തന്നെ മുന്നോട്ടുള്ള പ്രസംഗത്തിന്റെ ഒരു സ്റ്റാൻഡേർഡ് മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. പ്രസംഗം പിന്നീട് കത്തിക്കയറുന്നത് മെയ്ക് ഇൻ ഇന്ത്യ ഇനി സാധ്യമല്ല എന്നതിലേക്ക് ആണ്. ഗവൺമെന്റ് ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ആണ് സഹായിക്കേണ്ടത് പകരം അവർ മെയ്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യയിൽ ഒക്കെ ആണ് ശ്രദ്ധ ചെലുത്തുന്നത് എന്നതാണ് ഒരു കടുത്ത ആരോപണം. സ്റ്റാർട്ടപ്പുകൾ എന്ന് പറഞ്ഞാൽ എന്താണ് അദ്ദേഹം മനസ്സിലാക്കി വച്ചിരിക്കുന്നത് എന്ന് അറിയാൻ അത് കേൾക്കുമ്പോൾ ഏവർക്കും കൗതുകം ഉണ്ടാവാൻ സാധ്യത ഉണ്ട്. അടുത്ത ആരോപണം ഈ രാജ്യം ഒരിക്കലും അടക്കി ഭരിക്കാൻ നിങ്ങൾക്ക് കഴിയില്ല ഇത് യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആണ് എന്നൊക്കെയാണ്. രാഹുൽ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുത്ത ഗവൺമെന്റിനെ അട്ടിമറിച്ച മുതുമുത്തച്ഛനേയും അതെ പ്രസംഗത്തിൽ രാഹുൽ ഗാന്ധി സ്മരിക്കുന്നുണ്ട്. തമിഴന്മാരെ നിങ്ങൾക്ക് അടക്കി ഭരിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞതിന് പിന്നാലെ ഈ രാജ്യത്തിന് വേണ്ടി ആണ് എന്റെ അച്ഛൻ പൊട്ടിച്ചിതറി പോയത് എന്നും പ്രസംഗത്തിൽ ഉണ്ട്. ഭാഗ്യത്തിന് ആരാണ് എന്താണ് ചെയ്തത് എന്നൊന്നും രാഹുൽജി പറഞ്ഞില്ല. അതിന് ശേഷം സ്വന്തം ചരിത്ര ജ്ഞാനവും അദ്ദേഹം പൊതുദർശനത്തിന് വയ്ക്കുന്നുണ്ട്. പാകിസ്ഥാനെയും ചൈനയെയും ഒരുമിപ്പിച്ചതിന്റെ ക്രെഡിറ്റ് ഒക്കെ അദ്ദേഹം മോദിക്ക് കൊടുക്കുന്നുണ്ട്. സ്വന്തം ഗവൺമെന്റിന്റെ സമയത്ത് പാക്കിസ്ഥാൻ ഇന്ത്യയുടെ ഒരു ഭാഗം ചൈനയ്ക്ക് കൊടുത്തിട്ട് പോലും ആരും രാഹുൽ ഗാന്ധിയെ വിവരം അറിയിച്ചില്ല എന്നത് കഷ്ടമാണ്. മണിപ്പൂരിൽ നിന്ന് നേതാക്കൾ വന്നു കണ്ടു അമിത് ഷാ ചെരിപ്പഴിക്കാൻ പറഞ്ഞു എന്ന് രാഹുൽ ഗാന്ധിയോട് പറഞ്ഞു എന്നൊക്കെ ആണ് പ്രസംഗത്തിലെ അടുത്ത ഭാഗം. അസാമിൽ നിന്ന് പണ്ട് ഹിമന്ത ബിശ്വ ശർമ്മ എന്നൊരു നേതാവ് പണ്ട് കാണാൻ വരികയും രാഹുൽജി പട്ടിയെ കളിപ്പിച്ച് ഇരിക്കുകയായത് കൊണ്ട് അങ്ങേര് നേരെ പോയി ബി ജെ പിയിൽ ചേർന്നത് ഓർത്തോ എന്ന് അറിയില്ല. ഉമ്മൻ ചാണ്ടിയെ പോലുള്ള കേരള നേതാക്കൾ സോണിയ ഗാന്ധിജിയെയും രാഹുൽ ഗാന്ധിജിയെയും കാണാൻ പറ്റാതെ ഡൽഹിയിൽ നിന്ന് മടങ്ങി പോരുന്നതും ഇത്തരുണത്തിൽ ഓർമയിൽ വരേണ്ടതാണ്. രാജഭരണം തിരികെ കൊണ്ടുവരാൻ ആണ് ബിജെപിയുടെ ശ്രമം എന്നൊക്കെ കോൺഗ്രസിന്റെ യുവരാജാവിനെക്കൊണ്ട് തന്നെ പറയിക്കുന്നത് ഒരു പക്ഷെ കാലത്തിന്റെ കുസൃതിയാവാം. എനിക്ക് ഏറ്റവും വലിയ തമാശ ആയി തോന്നിയത് കാശ്മീരിൽ നമുക്ക് വലിയ തന്ത്രപരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട് എന്ന് ജവഹർ ലാൽ നെഹ്രുവിന്റെ കൊച്ചുമകൻ എന്ന് അവകാശപ്പെടുന്ന രാഹുൽ ഗാന്ധി തന്നെ പറഞ്ഞതാണ്.ഈ പ്രസംഗത്തിലെ ഏറ്റവും വലിയ പോയിന്റ്, ഈ പ്രസംഗം പുറത്ത് വന്നാൽ ആളുകൾ കളിയാക്കും എന്നത് ഇത് എഴുതിയ ആളുകൾക്ക് അറിയാമായിരുന്നു എന്നതാണ്. നിങ്ങൾക്ക് എന്നെ കളിയാക്കാം എന്ന് പറഞ്ഞുകൊണ്ടാണ് രാഹുൽജി പ്രസംഗം അവസാനിപ്പിക്കുന്നത്!!

പതിവ് പോലെ തന്നെ മനോരമ പ്രസംഗത്തിന്റെ പരിഭാഷ ഒക്കെ കൊടുത്ത് തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. എന്ത് പറ്റി എന്നറിയില്ല, രാഹുൽ ഗാന്ധിജി പറഞ്ഞത് മണ്ടത്തരം ആണ് എന്ന് മുൻ വിദേശകാര്യ മന്ത്രിയും ഐ എഫ് എസ്‌ ഓഫീസറും കോൺഗ്രസ് നേതാവും ആയിരുന്ന നട്വർ സിംഗ് പറഞ്ഞത് മാതൃഭൂമി മാത്രമേ അറിഞ്ഞ മട്ടുള്ളൂ.

Leave a comment